Quantcast
Ads by Muslim Ad Network









al-Hijr Farsi:: Ghodratollah Bakhtiari Nejad 

Ayat
15:1അലിഫ്‌ ലാംറാ-വേദഗ്രന്ഥത്തിലെ അഥവാ ( കാര്യങ്ങള്‍ ) സ്പഷ്ടമാക്കുന്ന ഖുര്‍ആനിലെ വചനങ്ങളാകുന്നു അവ.
15:2തങ്ങള്‍ മുസ്ലിംകളായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ ചിലപ്പോള്‍ സത്യനിഷേധികള്‍ കൊതിച്ച്‌ പോകും.
15:3നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തില്‍ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. ( പിന്നീട്‌ ) അവര്‍ മനസ്സിലാക്കിക്കൊള്ളും.
15:4ഒരു രാജ്യത്തെയും നാം നശിപ്പിച്ചിട്ടില്ല; നിര്‍ണിതമായ ഒരു അവധി അതിന്ന്‌ നല്‍കപ്പെട്ടിട്ടല്ലാതെ.
15:5യാതൊരു സമുദായവും അതിന്‍റെ അവധിയേക്കാള്‍ മുമ്പിലാവുകയില്ല. ( അവധി വിട്ട്‌ ) അവര്‍ പിന്നോട്ട്‌ പോകുകയുമില്ല.
15:6അവര്‍ ( അവിശ്വാസികള്‍ ) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.
15:7നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍ നീ ഞങ്ങളുടെ അടുക്കല്‍ മലക്കുകളെ കൊണ്ട്‌ വരാത്തതെന്ത്‌?
15:8എന്നാല്‍ ന്യായമായ കാരണത്താലല്ലാതെ നാം മലക്കുകളെ ഇറക്കുന്നതല്ല. അന്നേരം അവര്‍ക്ക്‌ ( സത്യനിഷേധികള്‍ക്ക്‌ ) സാവകാശം നല്‍കപ്പെടുന്നതുമല്ല.
15:9തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.
15:10തീര്‍ച്ചയായും നിനക്ക്‌ മുമ്പ്‌ പൂര്‍വ്വികന്‍മാരിലെ പല കക്ഷികളിലേക്ക്‌ നാം ദൂതന്‍മാരെ അയച്ചിട്ടുണ്ട്‌.
15:11ഏതൊരു ദൂതന്‍ അവരുടെ അടുത്ത്‌ ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.
15:12അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ അത്‌ ( പരിഹാസം ) നാം ചെലുത്തി വിടുന്നതാണ്‌.
15:13പൂര്‍വ്വികന്‍മാരില്‍ ( ദൈവത്തിന്‍റെ ) നടപടി നടന്ന്‌ കഴിഞ്ഞിട്ടും അവര്‍ ഇതില്‍ വിശ്വസിക്കുന്നില്ല.
15:14അവരുടെ മേല്‍ ആകാശത്ത്‌ നിന്ന്‌ നാം ഒരു കവാടം തുറന്നുകൊടുക്കുകയും, എന്നിട്ട്‌ അതിലൂടെ അവര്‍ കയറിപ്പോയിക്കൊണ്ടിരിക്കുകയും ചെയ്താല്‍ പോലും.
15:15അവര്‍ പറയും: ഞങ്ങളുടെ കണ്ണുകള്‍ക്ക്‌ മത്ത്‌ ബാധിച്ചത്‌ മാത്രമാണ്‌. അല്ല, ഞങ്ങള്‍ മാരണം ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകളാണ്‌.
15:16ആകാശത്ത്‌ നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക്‌ അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.
15:17ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.
15:18എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.
15:19ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ്‌ നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
15:20നിങ്ങള്‍ക്കും, നിങ്ങള്‍ ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ഉപജീവനമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
15:21യാതൊരു വസ്തുവും നമ്മുടെ പക്കല്‍ അതിന്‍റെ ഖജനാവുകള്‍ ഉള്ളതായിട്ടല്ലാതെയില്ല. ( എന്നാല്‍ ) ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത്‌ ഇറക്കുന്നതല്ല.
15:22മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട്‌ നിങ്ങള്‍ക്ക്‌ അത്‌ കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത്‌ സംഭരിച്ച്‌ വെക്കാന്‍ കഴിയുമായിരുന്നില്ല.
15:23തീര്‍ച്ചയായും, നാം തന്നെയാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. ( എല്ലാറ്റിന്‍റെയും ) അനന്തരാവകാശിയും നാം തന്നെയാണ്‌.
15:24തീര്‍ച്ചയായും നിങ്ങളില്‍ നിന്ന്‌ മുമ്പിലായവര്‍ ആരെന്ന്‌ നാം അറിഞ്ഞിട്ടുണ്ട്‌. പിന്നിലായവര്‍ ആരെന്നും നാം അറിഞ്ഞിട്ടുണ്ട്‌.
15:25തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെ അവരെ ഒരുമിച്ചുകൂട്ടുന്നതുമാണ്‌. തീര്‍ച്ചയായും അവന്‍ യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.
15:26കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.
15:27അതിന്നു മുമ്പ്‌ ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു.
15:28നിന്‍റെ രക്ഷിതാവ്‌ മലക്കുകളോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.
15:29അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മാവില്‍ നിന്ന്‌ അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന്‌ പ്രണമിക്കുന്നവരായിക്കൊണ്ട്‌ നിങ്ങള്‍ വീഴുവിന്‍.
15:30അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു.
15:31ഇബ്ലീസ്‌ ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു.
15:32അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ്‌ ന്യായം?
15:33അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല.
15:34അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.
15:35തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌.
15:36അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ.
15:37അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.
15:38ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ.
15:39അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത്‌ അവര്‍ക്കു ഞാന്‍ ( ദുഷ്പ്രവൃത്തികള്‍ ) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.
15:40അവരുടെ കൂട്ടത്തില്‍ നിന്ന്‌ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.
15:41അവന്‍ ( അല്ലാഹു ) പറഞ്ഞു: എന്നിലേക്ക്‌ നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്‌.
15:42തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക്‌ യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.
15:43തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു.
15:44അതിന്‌ ഏഴ്‌ കവാടങ്ങളുണ്ട്‌. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്‌.
15:45തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും.
15:46നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച്‌ കൊള്ളുക. ( എന്ന്‌ അവര്‍ക്ക്‌ സ്വാഗതം ആശംസിക്കപ്പെടും. )
15:47അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത്‌ നീക്കം ചെയ്യുന്നതാണ്‌. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.
15:48അവിടെവെച്ച്‌ യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന്‌ അവര്‍ പുറത്താക്കപ്പെടുന്നതുമല്ല.
15:49( നബിയേ, ) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌ എന്ന്‌ എന്‍റെ ദാസന്‍മാരെ വിവരമറിയിക്കുക.
15:50എന്‍റെ ശിക്ഷ തന്നെയാണ്‌ വേദനയേറിയ ശിക്ഷ എന്നും ( വിവരമറിയിക്കുക. )
15:51ഇബ്രാഹീമിന്‍റെ ( അടുത്ത്‌ വന്ന ) അതിഥികളെപ്പറ്റി നീ അവരെ വിവരമറിയിക്കുക.
15:52അദ്ദേഹത്തിന്‍റെ അടുത്ത്‌ കടന്ന്‌ വന്ന്‌ അവര്‍ സലാം എന്ന്‌ പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു.
15:53അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു.
15:54അദ്ദേഹം പറഞ്ഞു: എനിക്ക്‌ വാര്‍ദ്ധക്യം ബാധിച്ചു കഴിഞ്ഞിട്ടാണോ എനിക്ക്‌ നിങ്ങള്‍ ( സന്താനത്തെപറ്റി ) സന്തോഷവാര്‍ത്ത അറിയിക്കുന്നത്‌? അപ്പോള്‍ എന്തൊന്നിനെപ്പറ്റിയാണ്‌ നിങ്ങളീ സന്തോഷവാര്‍ത്ത അറിയിക്കുന്നത്‌?
15:55അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക്‌ സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത്‌ ഒരു യാഥാര്‍ത്ഥ്യത്തെപറ്റിതന്നെയാണ്‌. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്‌.
15:56അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തെപ്പറ്റി ആരാണ്‌ നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.
15:57അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: ഹേ; ദൂതന്‍മാരേ, എന്നാല്‍ നിങ്ങളുടെ ( മുഖ്യ ) വിഷയമെന്താണ്‌?
15:58അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക്‌ അയക്കപ്പെട്ടിരിക്കുകയാണ്‌.
15:59( എന്നാല്‍ ) ലൂത്വിന്‍റെ കുടുംബം അതില്‍ നിന്നൊഴിവാണ്‌. തീര്‍ച്ചയായും അവരെ മുഴുവന്‍ ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്‌.
15:60അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന്‌ ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു.
15:61അങ്ങനെ ലൂത്വിന്‍റെ കുടുംബത്തില്‍ ആ ദൂതന്‍മാര്‍ വന്നെത്തിയപ്പോള്‍.
15:62അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ.
15:63അവര്‍ ( ആ ദൂതന്‍മാരായ മലക്കുകള്‍ ) പറഞ്ഞു: അല്ല, ഏതൊരു ( ശിക്ഷയുടെ ) കാര്യത്തില്‍ അവര്‍ ( ജനങ്ങള്‍ ) സംശയിച്ചിരുന്നുവോ അതും കൊണ്ടാണ്‌ ഞങ്ങള്‍ താങ്കളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌.
15:64യാഥാര്‍ത്ഥ്യവും കൊണ്ടാണ്‌ ഞങ്ങള്‍ താങ്കളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു.
15:65അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട്‌ രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്ത്‌ കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞ്‌ നോക്കരുത്‌. നിങ്ങള്‍ കല്‍പിക്കപ്പെടുന്ന ഭാഗത്തേക്ക്‌ നടന്ന്‌ പോയിക്കൊള്ളുക.
15:66ആ കാര്യം, അതായത്‌ പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ്‌ എന്ന കാര്യം നാം അദ്ദേഹത്തിന്‌ ( ലൂത്വ്‌ നബിക്ക്‌ ) ഖണ്ഡിതമായി അറിയിച്ച്‌ കൊടുത്തു.
15:67രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട്‌ വന്നു.
15:68അദ്ദേഹം ( ലൂത്വ്‌ ) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്‍റെ അതിഥികളാണ്‌. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്‌.
15:69നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക.
15:70അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ ( ഇടപെടുന്നതില്‍ ) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ?
15:71അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ പെണ്‍മക്കള്‍. ( അവരെ നിങ്ങള്‍ക്ക്‌ വിവാഹം കഴിക്കാം. ) നിങ്ങള്‍ക്ക്‌ ചെയ്യാം എന്നുണ്ടെങ്കില്‍
15:72നിന്‍റെ ജീവിതം തന്നെയാണ സത്യം തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.
15:73അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി.
15:74അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു.
15:75നിരീക്ഷിച്ച്‌ മനസ്സിലാക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
15:76തീര്‍ച്ചയായും അത്‌ ( ആ രാജ്യം ) ( ഇന്നും ) നിലനിന്ന്‌ വരുന്ന ഒരു പാതയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.
15:77തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക്‌ ഒരു ദൃഷ്ടാന്തമുണ്ട്‌.
15:78തീര്‍ച്ചയായും മരക്കൂട്ടത്തില്‍ താമസിച്ചിരുന്ന ജനവിഭാഗം അക്രമികളായിരുന്നു.
15:79അതിനാല്‍ നാം അവരുടെ നേരെ ശിക്ഷാനടപടി സ്വീകരിച്ചു. തീര്‍ച്ചയായും ഈ രണ്ട്‌ പ്രദേശവും തുറന്ന പാതയില്‍ തന്നെയാണ്‌ സ്ഥിതിചെയ്യുന്നത്‌.
15:80തീര്‍ച്ചയായും ഹിജ്‌റിലെ നിവാസികള്‍ ദൈവദൂതന്‍മാരെ നിഷേധിച്ച്‌ കളയുകയുണ്ടായി.
15:81അവര്‍ക്ക്‌ നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും ചെയ്തു. എന്നിട്ട്‌ അവര്‍ അവയെ അവഗണിച്ച്‌ കളയുകയായിരുന്നു.
15:82അവര്‍ പര്‍വ്വതങ്ങളില്‍ നിന്ന്‌ ( പാറകള്‍ ) വെട്ടിത്തുരന്ന്‌ വീടുകളുണ്ടാക്കി നിര്‍ഭയരായി കഴിയുകയായിരുന്നു.
15:83അങ്ങനെയിരിക്കെ പ്രഭാതവേളയില്‍ ഒരു ഘോരശബ്ദം അവരെ പിടികൂടി.
15:84അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയിരുന്നതൊന്നും അവര്‍ക്ക്‌ ഉപകരിച്ചില്ല.
15:85ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ്‌ ചെയ്ത്‌ കൊടുക്കുക.
15:86തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.
15:87ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ്‌ വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക്‌ നാം നല്‍കിയിട്ടുണ്ട്‌.
15:88അവരില്‍ ( അവിശ്വാസികളില്‍ ) പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖഭോഗങ്ങള്‍ നല്‍കിയിട്ടുള്ളതിന്‍റെ നേര്‍ക്ക്‌ നീ നിന്‍റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്‌. അവരെപ്പറ്റി നീ വ്യസനിക്കേണ്ട. സത്യവിശ്വാസികള്‍ക്ക്‌ നീ നിന്‍റെ ചിറക്‌ താഴ്ത്തികൊടുക്കുക.
15:89തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ തന്നെയാണ്‌ എന്ന്‌ പറയുകയും ചെയ്യുക.
15:90വിഭജനം നടത്തിക്കളഞ്ഞവരുടെ മേല്‍ നാം ഇറക്കിയത്‌ പോലെത്തന്നെ.
15:91അതായത്‌ ഖുര്‍ആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കി മാറ്റിയവരുടെ മേല്‍.
15:92എന്നാല്‍ നിന്‍റെ രക്ഷിതാവിനെത്തന്നെയാണ, അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും.
15:93അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതിനെ സംബന്ധിച്ച്‌.
15:94അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത്‌ ഉറക്കെ പ്രഖ്യാപിച്ച്‌ കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന്‌ തിരിഞ്ഞുകളയുകയും ചെയ്യുക.
15:95പരിഹാസക്കാരില്‍ നിന്ന്‌ നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു.
15:96അതായത്‌ അല്ലാഹുവോടൊപ്പം മറ്റുദൈവത്തെ സ്ഥാപിക്കുന്നവര്‍ ( പിന്നീട്‌ ) അവര്‍ അറിഞ്ഞ്‌ കൊള്ളും.
15:97അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്‌ നിമിത്തം നിനക്ക്‌ മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട്‌ എന്ന്‌ തീര്‍ച്ചയായും നാം അറിയുന്നുണ്ട്‌.
15:98ആകയാല്‍ നിന്‍റെ രക്ഷിതാവിനെ സ്തുതിച്ച്‌ കൊണ്ട്‌ നീ സ്തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ്‌ ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.
15:99ഉറപ്പായ കാര്യം ( മരണം ) നിനക്ക്‌ വന്നെത്തുന്നത്‌ വരെ നീ നിന്‍റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.



Share this Surah Translation on Facebook...